Hero Image

ജീവിതസൗഭാഗ്യത്തിനായി വ്രതാനുഷ്ഠാനങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ആഗ്രഹങ്ങളെ നിയന്ത്രിച്ച് നിർത്തി ചിട്ടയായ ജീവിതരീതിയിൽ ജീവിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുക എന്ന സദുദ്ദേശ്യമാണ് വ്രതങ്ങൾ അനുഷ്ഠിക്കുന്നതിലുളളത്. ആഴ്ചയിലെ ഏഴു ദിവസത്തിൽ എടുക്കുന്ന വ്രതങ്ങളും ഓരോ ദേവതകൾക്കും സമർപ്പിതമാണ്.

വ്രതം അനുഷ്ഠിക്കുകയെന്നാൽ ഭക്ഷണം ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ മാത്രമല്ല, വിശ്വാസത്തിൽ അധിഷ്ഠിതമായി ശാരീരികവും മാനസികവും ആത്മീയവുമായ ഒരു ശുദ്ധീകരണപ്രക്രിയയാണ്.

ജപം, ഉപവാസം, ധ്യാനം എന്നിവയടങ്ങളിയതാണ് വ്രതം. അത് യഥാവിധി അനുഷ്ഠിക്കുകയും വേണം.

തിഥി, ആഴ്ച, നക്ഷത്രം, മാസം, ഋതു, വർഷം എന്നിങ്ങനെ പലകാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് വ്രതങ്ങള്‍ കണക്കാക്കുന്നത്. തിഥിവ്രതങ്ങൾക്കാണ് ഏറ്റവും പ്രാധാന്യം. ഏകാദശിവ്രതം, ഷഷ്ഠിവ്രതം, പ്രദോഷവ്രതം, പൗർണ്ണമിവ്രതം, അമാവാസിവ്രതം തുടങ്ങിവയെല്ലാം തിഥിവ്രതങ്ങളാണ്. ഓരോ വ്രതങ്ങൾക്കും അതിന്റെതായ പ്രത്യേകതകൾ ഉണ്ട്

ഏകാദശിവ്രതം മാസംതോറും രണ്ടു തവണ വരും. ഷഷ്ഠി വ്രതം മാസത്തിലൊരിക്കൽ മാത്രം. എന്നാൽ ദിവസവും അനുഷ്ഠിക്കാനും വ്രതമുണ്ട്. ആഴ്ചയിലെ ഓരോ ദിവസവും അനുഷ്ഠിക്കാവുന്ന പ്രത്യേക വ്രതങ്ങളാണു വാരവ്രതങ്ങൾ. ഞായറാഴ്ചവ്രതം, തിങ്കളാഴ്ചവ്രതം, ചൊവ്വാഴ്ചവ്രതം എന്നിങ്ങനെ ആഴ്ചയുടെ പേരിൽത്തന്നെയാണ് ഈ വ്രതങ്ങൾ അറിയപ്പെടുന്നത്.

സൂര്യദേവനെ ആരാധിച്ചുകൊണ്ടുള്ള വ്രതമാണു ഞായറാഴ്ചവ്രതം. ഏഴു ജന്മം രോഗമില്ലാതെ കഴിയാം എന്നതാണ് ഈ വ്രതത്തിന്റെ ഫലമായി പുരാണങ്ങളിൽ പറയുന്നത്.

തിങ്കളാഴ്ചവ്രതം സ്ത്രീകൾക്കു പ്രധാനമാണ്. പാർവതീദേവിയെയും പരമശിവനെയുമാണ് ആരാധിക്കുന്നത്. വിവാഹം കഴിയാത്ത പെൺകുട്ടികൾക്കു വിവാഹം വേഗം നടക്കാനും വിവാഹിതർക്ക് കുടുംബസൗഖ്യം ഉണ്ടാകാനുമാണ് ഈ വ്രതം.

ചൊവ്വാഴ്ച വ്രതത്തിൽ ആരാധിക്കേണ്ടത് ദേവിയെയും ഹനുമാനെയുമാണ്. നവഗ്രഹങ്ങളിലൊന്നായ ബുധദേവനെത്തന്നെയാണ് ബുധനാഴ്ചവ്രതത്തിൽ ആരാധിക്കേണ്ടത്. വ്യാഴാഴ്ചവ്രതത്തിൽ ആരാധിക്കേണ്ടത് മഹാവിഷ്ണുവിനെ. വെള്ളിയാഴ്ച വ്രതത്തിൽ മഹാലക്ഷ്മിയെയും ഗണപതിയെയും ആരാധിക്കണം. ശനിയാഴ്ചവ്രതത്തിൽ ശാസ്താവിനെയും ശനിദേവനെയും ആരാധിക്കണം. ശനിയാഴ്ചവ്രതമെടുത്താൽ എല്ലാ ബാധോപദ്രവങ്ങളും മാറുമെന്നു വിശ്വാസം.

ദേവീപ്രീതിയിലൂടെ സർവ്വൈശ്വര്യമാണ് നവരാത്രിവ്രതത്തിന്റെ ഫലം. വ്രതം തുടങ്ങുന്നത് അമാവാസി നാളിലാണ്. അന്ന് ഒരിക്കലാണ്. ദിവസത്തിൽ ഒരിക്കൽമാത്രം ഭക്ഷണം കഴിക്കുക. സൂര്യാസ്തമയത്തിൽ അഷ്ടമി വരുന്ന ദിവസം പൂജ വെക്കുന്നു. അന്ന് പുസ്തകങ്ങളും ആയുധങ്ങളുമെല്ലാം പൂജവെക്കുന്നു.

ശ്രീകൃഷണൻ ജനിച്ച ദിവസമാണ് അഷ്ടമിരോഹിണി. ശ്രീകൃഷണജയന്തി എന്നും ഈ ദിവസം അറിയപ്പെടുന്നു. ചിങ്ങമാസത്തിലെ കറുത്തപക്ഷ അഷ്ടമി അർദ്ധരാത്രിക്കുവരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഈ ദിവസത്തിൽ വ്രതമെടുത്താൽ ഏഴു ജന്മത്തിൽ ചെയ്ത പാപങ്ങളിൽ മോചനം ലഭിക്കും അന്നേദിവസം ഉപവാസവ്രതമാണ് അനുഷ്ഠിക്കേണ്ടത്. ശ്രീരാമനവമി.

തിരുവാതിരവ്രതം സ്ത്രീകളുടെ ആഘോഷമാണിത്. സുമംഗലികൾ ഭർത്താവ് ദീർഘായുഷ്മാനാവാനും അവിവാഹിതകൾ സദ്ഭർത്താവിനെ ലഭിക്കുന്നതിനും വേണ്ടി അനുഷ്ഠിക്കുന്ന വ്രതം. വിവാഹശേഷം ആദ്യം വരുന്ന തിരുവാതിരയെ പുത്തൻ തിരുവാതിര അല്ലെങ്കിൽ പൂത്തിരുവാതിര എന്നു പറയുന്നു.

 

READ ON APP